അടിമാലി സെലീന വധക്കേസ്: വീട്ടമ്മയെ കുത്തി കൊന്ന ശേഷം പ്രതി ഇടതു മാറിടം മുറിച്ചുമാറ്റി – പ്രതിക്ക് ജീവപര്യന്തം തടവ്

തൊടുപുഴ: ഇരുമ്പുപാലത്ത് വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗിരോഷിന് (40) ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പ്രിൻസിപ്പൽ ജില്ല കോടതി. ഇരുമ്പുപാലം 14ാം മൈൽ ചാരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീന (38) കൊല്ലപ്പെട്ട കേസിലാണ് വിധി. കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. കവർച്ചക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. അതിക്രമിച്ച് കടന്നതിന് രണ്ടുമാസം തടവും വിധിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

2017 ഒക്ടോബർ 10നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

പ്രതിയും മാങ്കുളത്തെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസ്സിലാക്കിയ സെലീന ഇരുവരുടെയും വിവാഹത്തിന് ഇടപെട്ടിരുന്നു. കൂടാതെ പ്രതിയുടെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

സംഭവദിവസം ഉച്ചയോടെ ബൈക്കിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ഇടത് മാറിടം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. തൊടുപുഴ പ്രിൻസിപ്പൽ ജില്ല ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്. ജില്ല പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026