എൻവിഡിയയെ ഇനി ഇന്ത്യക്കാരൻ ജയ് പുരി നയിക്കും? ജെൻസൻ ഹുവാങ് പുറത്തേക്ക്, ബോർഡ് തീരുമാനം ഉടൻ, തകർച്ചയിൽ ഓഹരി

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ചിപ് നിർമാണ ഭീമനുമായ എൻവിഡിയയെ നയിക്കാൻ ഇന്ത്യക്കാരന് നറുക്കുവീഴുമോ? ഇന്ത്യൻ വംശജനായ ജയ് പുരിയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചനകൾ. നിലവിലെ സിഇഒയും എൻവിഡിയ സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്ങിനെ വൈകാതെ പുറത്താക്കിയേക്കും. ജെൻസനോട് രാജിവയ്ക്കാനാകും ഡയറക്ടർ ബോർഡ് ആവശ്യപ്പെടുക. വിസമ്മതിച്ചാൽ പുറത്താക്കും.

ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള രഹസ്യബന്ധം പുറത്തായതാണ് ജെൻസൻ ഹുവാങ്ങിനെ ആദ്യം വെട്ടിലാക്കിയത്. പിന്നാലെ, എൻവിഡിയയിലെ തന്നെ ജീവനക്കാരിയായ കിംബെർലി പവലുമായും ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും വന്നു. ചൈനീസ് സ്ത്രീയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ചാരവൃത്തി ആരോപണവും സംബന്ധിച്ച് എൻവിഡിയ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ജയ് പുരി ഉൾപ്പെടെ 9 പേരാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളത്. എൻവിഡിയയുടെ വേൾഡ്‍വൈഡ് ഫീൽഡ് ഓപറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ജയ് പുരി. 2005ലാണ് അദ്ദേഹം എൻവിഡിയയിൽ ചേർന്നത്. അതിനുമുൻപ് എച്ച്പി, ടെക്സസ് ഇൻസ്ട്രുമെന്റ്സ് തുടങ്ങിയ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.

എൻവിഡിയ ഫിനാൻസ് വിഭാഗം മേധാവി കൊളെറ്റ് ക്രെസ്, ഹൈപെർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക്, ചീഫ് സയന്റിസ്റ്റ് ബിൽ ഡാലി, 1993ൽ ജെൻസൻ ഹുവാങ്, കേർട്ടിസ് പ്രീം എന്നിവർക്കൊപ്പം എൻവിഡിയ സ്ഥാപിക്കാൻ ഒപ്പംനിന്ന ക്രിസ് മലക്കോവിസ്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിക്ക് പാർക്കർ, വൈസ് പ്രസിഡന്റ് ബ്രയാൻ കാറ്റൻസാറോ, മാനുഫാക്ചറിങ് വിഭാഗം മേധാവി ഡിബോറ ഷോക്വിസ്റ്റ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൻവിഡിയ ഓഹരികൾ നേരിടുന്ന തളർച്ച തുടരുകയാണ്. നാസ്ഡാക്കിൽ 7% ഇടിഞ്ഞാണ് വ്യാപാരം.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026