ഡിസംബര്‍ 15 മുതല്‍ കാര്‍, ബൈക്ക് ഇന്‍ഷുറന്‍സില്‍ IRDAI വരുത്തുന്ന മാറ്റങ്ങള്‍ വളരെ പ്രധാനമാണ്. 4 പ്രധാന കവറേജുകള്‍, പോളിസി ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിവ വിശദമായി മനസിലാക്കാം.
കാര്‍, ബൈക്ക് ഇന്‍ഷുറന്‍സ് പോളിസികളിലെ അവ്യക്തതകള്‍ ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാനും അവസരമൊരുക്കി IRDAI. പുതിയ ഫോര്‍-ലെയര്‍ (Four-layer) മോട്ടോര്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്കാരം വഴി, പോളിസി എടുക്കുമ്പോള്‍ കസ്റ്റമര്‍ ഓപ്ഷന് ഫോമിലൂടെ (Customer Option Form) ഓരോ കവറേജിന്റെയും പ്രീമിയം തുക പ്രത്യേകം അറിയാനും, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സാധിക്കും.
ഡിസംബര്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്മോട്ടോര് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി ഐആര്‍ഡിഎഐ (IRDAI) നാല് ഘട്ടങ്ങളുള്ള (four-layer) പുതിയ ഘടന കൊണ്ടുവരുന്നു. ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ‘കസ്റ്റമര്‍ ഓപ്ഷന് ഫോം’ (Customer option form), ‘കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ്’ (Customer Information Sheet) എന്നിവ നിര്‍ബന്ധമായും ഉപഭോക്താക്കള്‍ക്ക് നല്‍കണം. പോളിസി ഷെഡ്യൂളില്‍ ഓരോ ഇന്‍ഷുറന്‍സ് കവറേജിനും ഈടാക്കുന്ന പ്രീമിയം തുക വെവ്വേറെ കാണിക്കുകയും വേണം. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ പോളിസികള്‍ ഡിസംബര്‍ 15-നകം ‘ബീമ സുഗം’ (Bima Sugam) പ്ലാറ്റ്ഫോമുമായി കമ്പനികള്‍ സംയോജിപ്പിക്കേണ്ടതുണ്ട്.
കാര്‍- ബൈക്ക് ഇന്‍ഷുറന്‍സ് ഉപയോക്താക്കളെ എങ്ങനെ ബാധിക്കും
പോളിസി എടുക്കുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പരിരക്ഷകള്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന് ഫോമില്‍ ടിക്ക് ചെയ്ത് സ്വന്തമായി തിരഞ്ഞെടുക്കാം. ഇതുവഴി മൊത്തം തുക നല്‍കുന്നതിന് പകരം, ഓരോ ഇന്‍ഷുറന്‍സ് വിഭാഗത്തിനും തങ്ങള്‍ എത്ര രൂപയാണ് പ്രീമിയം ആയി നല്‍കുന്നതെന്ന് ഉപയോക്താക്കള്‍ക്ക് വ്യക്തമായി അറിയാന്‍ സാധിക്കും.
നിലവില്‍ തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമുള്ളവര്‍ക്ക്, പഴയ പോളിസി റദ്ദാക്കാതെ തന്നെ യാത്രക്കാര്‍ക്കുള്ള പരിരക്ഷ (occupant liability cover) അധിക പ്രീമിയം നല്കി നിലവിലെ പോളിസിയുടെ കൂടെ കൂട്ടിച്ചേര്‍ക്കാനും ഓപ്ഷന് വരും.
എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം
മിക്ക വാഹന ഉടമകളും ഇന്‍ഷുറന്‍സ് എടുക്കുമ്പോഴോ, പുതുക്കുമ്പോഴോ മൊത്തം പ്രീമിയം തുക മാത്രമാണ് ശ്രദ്ധിക്കുന്നത്. തങ്ങളുടെ പോളിസിയില്‍ സഹയാത്രികര്‍ക്ക് കവറേജ് ഉണ്ടോ എന്നോ, സ്വന്തം വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ പരിരക്ഷ ലഭിക്കുമോ എന്നോ പലര്‍ക്കും അറിയില്ല. ഈ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി സുതാര്യത ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
സുപ്രീം കോടതിയുടെ (നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് vs ശ്രീമതി തുങ്കല ധന ലക്ഷ്മി കേസ്) നിര്‍ദ്ദേശപ്രകാരമാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ നിബന്ധനകളില്‍ ഐക്യരൂപം കൊണ്ടുവരാന്‍ IRDAI ഈ തീരുമാനമെടുത്തത്.
4 തരം മോട്ടോര്‍ ഇന്‍ഷുറന്‍സ് കവറുകള്‍
തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി (Third-party liability): അപകടത്തില്‍ മറ്റൊരാള്‍ക്ക് സംഭവിക്കുന്ന പരിക്കുകള്‍, മരണം അല്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എന്നിവയ്ക്കുള്ള നിയമപരമായ പരിരക്ഷ (ഇത് നിര്‍ബന്ധമാണ്).
യാത്രക്കാര്‍ക്കുള്ള ലീഗല്‍ ലയബിലിറ്റി (Legal liability towards occupants): കാറിലെ യാത്രക്കാര്‍, ഇരുചക്രവാഹനങ്ങളിലെ പിന്നിലിരിക്കുന്നവര്‍, വാഹനത്തില്‍ സഞ്ചരിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്കുള്ള പരിരക്ഷ (ഇത് ഓപ്ഷണല്‍ ആണ്).
പേഴ്സണല്‍ ആക്സിഡന്റ് കവര്‍ (Personal accident cover): വാഹന ഉടമയ്ക്കുള്ള അപകട പരിരക്ഷ (ഇത് നിര്‍ബന്ധമാണ്). എന്നാല്‍ മറ്റ് യാത്രക്കാര്‍ക്കോ, ഡ്രൈവര്‍ക്കോ ഉള്ള അധിക പരിരക്ഷ ആവശ്യമെങ്കില്‍ മാത്രം എടുത്താല്‍ മതി (ഓപ്ഷണല്‍).
ഓണ്‍-ഡാമേജ് കവര്‍ (Own-damage cover): ഇന്‍ഷ്വര്‍ ചെയ്ത സ്വന്തം വാഹനത്തിന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും, കേടുപാടുകള്‍ക്കും ഉള്ള പരിരക്ഷ (ഇത് ഓപ്ഷണല്‍ ആണ്).
ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ മാറ്റങ്ങള്‍ വരുന്നതുകൊണ്ട് ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയണമെന്നില്ല. അതിനാല്‍ കുറഞ്ഞ പ്രീമിയം ഉള്ള പോളിസികള്‍ മാത്രം അന്വേഷിക്കാതെ, ലഭിക്കുന്ന കവറേജുകള്‍ എന്തൊക്കെയാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് ബുദ്ധിപരമായി ചോയിസ്. പോളിസി രേഖകളിലെ ഓരോ കവറേജിന്റെയും നിബന്ധനകളും ഒഴിവാക്കലുകളും കൃത്യമായി വായിച്ചു മനസിലാക്കണം. മുകളില്‍ പറഞ്ഞ 4 കവറുകളില്‍ തേര്‍ഡ്-പാര്‍ട്ടിയും, വാഹന ഉടമയ്ക്കുള്ള അപകട പരിരക്ഷയും നിയമപ്രകാരം നിര്‍ബന്ധമാണ്. അത് ഒഴിവാക്കാന്‍ സാധിക്കില്ല. ബാക്കിയുള്ളവ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാനാവുക.
ഈ മാറ്റങ്ങള്‍ മൂലം ഉപഭോക്താക്കള്‍ക്കുള്ള നേട്ടം എന്ത്
ഓരോ പരിരക്ഷയ്ക്കും എത്ര തുകയാണ് ഈടാക്കുന്നതെന്ന് വ്യക്തമായി അറിയുന്നതിനാല്‍ അനാവശ്യമായ കവറേജുകള്‍ ഒഴിവാക്കി പണം ലാഭിക്കാന്‍ സാധിക്കും. മൊത്തം പ്രീമിയം നോക്കുന്നതിന് പകരം, വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്ന യഥാര്‍ത്ഥ പരിരക്ഷകള്‍ തമ്മില്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാം.
ഒരേ പരിരക്ഷയ്ക്ക് രണ്ടു തവണ പണം നല്‍കുന്നതും (duplication), ആവശ്യത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്ത അവസ്ഥയും ഒഴിവാക്കി കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് ഉപഭോക്താക്കളെ സഹായിക്കും.