കുട്ടികളിലെ ആവർത്തിച്ചുള്ള ചുമയും ശ്വാസതടസ്സവും; എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

മഴക്കാലമായാലും ചൂടുകാലമായാലും പല മാതാപിതാക്കളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളിലെ വിട്ടുമാറാത്ത ചുമയും കഫക്കെട്ടും. ‘ചെറിയൊരു ജലദോഷമല്ലേ, മാറും’ എന്ന് കരുതി സാധാരണയായി പലരും ഇതിനെ അവഗണിക്കാറുമുണ്ട്. എന്നാൽ നഴ്സറികളിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികളിൽ കണ്ടുവരുന്ന ആവർത്തിച്ചുള്ള ശ്വാസകോശ പ്രശ്നങ്ങൾ പലപ്പോഴും കൃത്യമായ ശ്രദ്ധയും ചികിത്സയും ആവശ്യപ്പെടുന്ന ഒന്നാണ്.
മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ ശ്വാസകോശവും ശ്വാസനാളങ്ങളും വളരെ ചെറുതും മൃതുവുമാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ ചെറിയ വ്യത്യാസങ്ങൾ, പൊടിപടലങ്ങൾ, പുക, അണുബാധകൾ എന്നിവ പെട്ടെന്ന് അവരുടെ ശ്വാസനാളങ്ങളെ സങ്കോചിപ്പിക്കുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.കൂടാതെ, കൂട്ടമായി സ്കൂളുകളിലും ഡേ കെയറുകളിലും കഴിയുമ്പോൾ ഒരു കുട്ടിയുള്ള വൈറസ് അണുബാധ വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് പടരുന്നു. ഇത് ആവർത്തിച്ചുള്ള ചുമ, കഫക്കെട്ട്, ‘ബ്രോങ്കിളൈറ്റിസ്’ (Bronchiolitis) അല്ലെങ്കിൽ കുട്ടികളിലെ ആസ്ത്മ (Pediatric Asthma) എന്നിവയിലേക്ക് നയിക്കാം.

പല മാതാപിതാക്കളുടെയും പ്രധാന ഭയം കുട്ടികൾക്ക് ഇൻഹേലറോ നെബുലൈസേഷനോ നൽകിയാൽ അത് പിന്നീട് ശീലമായി മാറുമെന്നതാണ്. എന്നാൽ ഇത് പൂർണ്ണമായും തെറ്റായ ഒരു ധാരണയാണ്. ഗുളികയോ സിറപ്പോ നൽകുമ്പോൾ അത് ശരീരമാകെ പ്രവർത്തിക്കുന്നു; എന്നാൽ ഇൻഹേലർ വഴി മരുന്നു നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ മരുന്നു നൽകിയാൽ മതിയാകും. ഇത് കുട്ടികൾക്ക് ഏറെ സുരക്ഷിതവുമാണ്. അതുപോലെ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി ആന്റിബയോട്ടിക്കുകൾ നൽകുന്നത് കുട്ടികളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കും. വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല എന്നതും ശ്രദ്ധിക്കുക.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026