തിരുവനന്തപുരം : നീതിതേടി എൽപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന സമരത്തിനുനേരെ പൊലീസിനെ ഉപയോഗിച്ച് സർക്കാരിന്റെ വേട്ട. വെയിലും മഴയുമേൽക്കാതിരിക്കാൻ കെട്ടിയ സമരപ്പന്തൽ നിർദാക്ഷിണ്യം പൊളിച്ചുമാറ്റി. 17 ദിവസമായി സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് നിരാഹാരമിരുന്ന സമരസമിതി സെക്രട്ടറി എസ് വളർമതിയെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ബലമായി കസ്റ്റഡിയിലെടുത്തു. ബഹുജനപിന്തുണയും വിവിധ രാഷ്ട്രീയ, യുവജന–വിദ്യാർഥി സംഘടനകളുടെ ഐക്യദാർഢ്യവും ഉദ്യോഗാർഥികൾ നേടിയെടുത്തതിൽ പരിഭ്രാന്തരായ സർക്കാർ രാത്രിയുടെ മറവിലായിരുന്നു സമരം പൊളിക്കാൻ നീക്കമാരംഭിച്ചത്. പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അസഭ്യം പറഞ്ഞു.
വാക്കുപാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ഫ്ലക്സും പോസ്റ്ററുകളും കീറിയെറിഞ്ഞു. സമാധാനപൂർവം സമരം ചെയ്യാനുള്ള ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനുനേരെയായിരുന്നു സർക്കാരിന്റെ നടപടി. രണ്ടാം ഘട്ടത്തിൽ സമരം തുടങ്ങിയപ്പോൾമുതൽ ഉദ്യോഗാർഥികൾക്കുനേരെ ക്രൂരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കനത്ത മഴയുണ്ടായിട്ടും സമരപ്പന്തൽ കെട്ടാൻ പൊലീസ് അനുവദിച്ചില്ല. മഴ നനഞ്ഞ് ഉദ്യോഗാർഥികൾ സമരം തുടര്‍ന്നു. അടുത്തദിവസം യുവജന സംഘടനകളുടെ പിന്തുണയോടെയാണ് സമരപ്പന്തൽ വീണ്ടും ഉയർത്തിയത്. നിയമസഭാ വളയൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ഉദ്യോഗാർഥികൾക്കെതിരെ കേസെടുത്തു. സെക്രട്ടറിയറ്റിനുമുന്നിൽ നടപ്പാത തടസ്സപ്പെടുത്തിയെന്നാരോപിച്ച് രണ്ടുതവണ നോട്ടീസ് നൽകി. പിന്തിരിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബലാൽക്കാര നടപടിയെടുക്കാൻ സർക്കാർ മുതിർന്നത്.
ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിലേക്കാണ് വളർമതിയെ മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നിരിക്കെ മാധ്യമങ്ങൾക്ക് പ്രതികരണം നൽകാൻ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു ഇൗ നീക്കം. തനിക്ക് ചികിത്സ വേണ്ടെന്ന നിലപാടിലാണ് വളർമതി.