ഇന്റർനെറ്റ് വേണ്ട; ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് കാലാവസ്ഥ അറിയാം,68,000 രൂപയുടെ ‘മാന്ത്രിക ഉപകരണവു’മായി വിദ്യാർഥി

മഴക്കാലത്ത് ഹിമാലയൻ മലനിരകളിൽ മൊബൈൽ ടവറുകൾ നിലംപൊത്തുമ്പോൾ പുറംലോകവുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുക പതിവാണ്. ദുരന്തമുഖത്ത് കാലാവസ്ഥാ വിവരങ്ങൾ പോലും അറിയാൻ കഴിയാതെ വലയുന്ന വിദൂര ഗ്രാമങ്ങൾക്ക് പ്രതീക്ഷയായി ഹൈദരാബാദിൽ നിന്നൊരു പ്ലസ്ടു വിദ്യാർഥിയുടെ കണ്ടുപിടിത്തം. ഇന്റർനെറ്റോ മൊബൈൽ നെറ്റ്​വർക്കോ ഇല്ലാതെ കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് മേഘങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന ‘സമ്മിറ്റ്സാഥി’ (SummitSathi) എന്ന വിപ്ലവകരമായ ഉപകരണവുമായി എത്തിയിരിക്കുകയാണ് ആഗാം ജെയിൻ (Aagam Jain) എന്ന മിടുക്കൻ.

മലനിരകളിലെ മോശം കാലാവസ്ഥയിൽ ആശയവിനിമയ സംവിധാനങ്ങൾ തകരുമ്പോൾ ജനങ്ങൾക്ക് കരുത്താവാനാണ് ഹൈദരാബാദിലെ ഇൻഡസ് ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ആഗാം ജെയിൻ ഈ ഉപകരണത്തിന് രൂപം നൽകിയിരിക്കുന്നത്.

എന്താണ് ‘സമ്മിറ്റ്സാഥി’?
പ്രവർത്തിക്കുന്നത് എങ്ങനെ? സാധാരണ കാലാവസ്ഥാ ആപ്പുകൾ പോലെ എന്നാൽ ഇന്റർനെറ്റിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് റിസീവറാണ് സമ്മിറ്റ്​സാഥി. കാലാവസ്ഥാ ഉപഗ്രഹങ്ങളിൽ നിന്നുള്ള ക്ലൗഡ് ചിത്രങ്ങൾ (Cloud Images) നേരിട്ട് ഡൗൺലോഡ് ചെയ്ത് നൽകാൻ ഇതിന് സാധിക്കും.

വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു യൂണിറ്റിന് ഏകദേശം 68,000 രൂപ മാത്രമാണ് നിർമ്മാണച്ചെലവ്. ഹിമാചൽ പ്രദേശിലെസെരാജ് വാലിയിലെ (Seraj Valley) 10 ഗ്രാമങ്ങളിലായി മൂന്ന് റിസീവറുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതിലൂടെ ആയിരത്തിലധികം ഗ്രാമീണർക്ക് പ്രയോജനം ലഭിക്കും. സാങ്കേതികവിദ്യ നൽകുക മാത്രമല്ല, ഇത് കൃത്യമായി പ്രവർത്തിപ്പിക്കാൻ മൂന്ന് പ്രാദേശിക ഓപ്പറേറ്റർമാരെയും ഇതിനകം പരിശീലിപ്പിച്ച് കഴിഞ്ഞു.

ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങൾക്ക് പകരം അല്ല
ഇതൊരു മേഘവിസ്ഫോടന മുന്നറിയിപ്പ് സംവിധാനമോ ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങൾക്ക് പകരമോ അല്ലെന്ന് ആഗാമിന്റെ ടീം വ്യക്തമാക്കുന്നു. എങ്കിലും, അടിയന്തര ഘട്ടങ്ങളിൽ ഉപഗ്രഹ ചിത്രങ്ങളിലൂടെ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കാൻ ഇത് ഗ്രാമീണരെ സഹായിക്കും.

EDITORIAL ENQUIRIES  830 1008 830 Ⓒ Thozhilali Digital 2026