കോട്ടയം . ബിഡിജെഎസ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിട്ടേക്കും. ബിഡിജെഎസിന്റെ ജില്ലാകമ്മിറ്റികൾ മുന്നണി വിടണ മെന്ന നിലപാടിലാണ്. ബിഡിജെഎസ് കോട്ടയം ജില്ലാ ഘടകം ജില്ലാ നേതൃക്യാന്പിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ജില്ലാ നേതൃക്യാന്പിൽ മുന്നണി വിടണമെന്ന നിലപാട് ഉന്നയിച്ച് പ്രമേയവും പാസാക്കി.
സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശനമാണ് ജില്ലാ നേതൃത്വം ഉന്നയിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷക്കാലമായി ബിജെപി നേതൃത്വത്തിൽ നിന്നും ബിഡിജെഎസ് കനത്ത അവഗണന നേരിടുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉൾപ്പടെയുള്ള പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ – സംസ്ഥാന ഭാരവാഹികളും പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. ബിജെപി അവഗണന തുടരുന്ന സാഹചര്യത്തിൽ മറ്റ് മുന്നണികളുമായി രാഷ്ട്രീയ ചർച്ചകൾ നടത്താൻ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തി കൊണ്ടാണ് പ്രമേയം പാസാക്കിയത്. അതേസമയം, വിഷയത്തിൽ തുഷാർ വെള്ളാപ്പള്ളി ഇതുവരെ പ്രതികരിച്ചിട്ടില്ല.